KeralaNews

വൈക്കം മുഹമ്മദ് ബഷീർജൂലായ് 5 ബഷീർദിനം.

ബഷീർ കൃതികൾ
ഒരു കാലത്തിൻ്റെ പരിഛേദം..!
……….. ……… ……… ………
മലയാള സാഹിത്യത്തിൽ
“ബേപ്പൂർ സുൽത്താൻ ” – എന്ന
അപരനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. ഒരു സമുദായത്തിന്റെ തനതു ചിത്രം അദ്ദേഹം തന്റെ തൂലികയിലൂടെ വരച്ചു ചേർത്തു.
മലയാളികളുടെ മനസിൽ മായാത്ത കഥാപാത്രങ്ങളെ സൃഷ്ടിച്ച മലയാളത്തിൻ്റെ “മ്മിണി ബല്യ ” എഴുത്തുകാരൻ കൂടിയാണ് ബഷീർ.
ജൂലായ് 5 അദ്ദേഹത്തിന്റെ ചരമദിനമാണ്.
ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരു ഏടായി ബഷീർ കഥകൾ മാറാൻ കാരണം അത് അദ്ദേഹത്തിന്റെ അനുഭവങ്ങൾ തന്നെയായതുകൊണ്ടാണ്.
1908 ജനു: 19ന് വൈക്കം തലയോലപറമ്പിൽ ജനിച്ചു.സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായി കോഴിക്കോട് എത്തി.
ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ ഫലമായി മർദ്ദനമേൽക്കുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു.
പത്തുവർഷത്തോളം ഭാരതമാകെ സഞ്ചരിച്ചു.
ബഷീറിന്റെ മാസ്റ്റർ പീസായ കൃതിയാണ് ബാല്യകാല സഖി. ഒന്നും ഒന്നും കൂട്ടിയാൽ എത്രയാണന്ന ഗുരുനാഥന്റെ ചോദ്യത്തിന് ഒന്നും ഒന്നും കൂട്ടിയാൽ
“ഇമ്മിണി ബല്യ “ഒന്നാണെന്ന് ഉത്തരം പറയുന്നതിലൂടെ വലിയൊരു ലോകതത്വം മജീദ് എന്ന കഥാപാത്രത്തിലൂടെ ബഷീർ വരച്ചു കാട്ടുന്നു.
ബാല്യകാല സഖിയിലെ കഥാപാത്രങ്ങളായ സുഹ്റയും മജീദും ജീവത ഗന്ധിയായ രണ്ടു കഥാപാത്രങ്ങളാണ്. ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരു ഏട് എന്നാണ്
എം പി.പോൾ ഈ കൃതിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

മണ്ടൻ മുത്തപ്പായും, ആനവാരി രാമൻ നായരും,പൊൻകുരിശു തോമയും,
കേശവൻ നായരും, സാറാമ്മയും,
ഒറ്റക്കണ്ണൻപോക്കരും സൈനബയുമെല്ലാം ബഷീർ കൃതികളിലെ മികവുറ്റ കഥാപാത്രങ്ങളാണ്. താൻ ജീവിച്ച കാലഘട്ടത്തിന്റെ ചരിത്രവും ജീവിതരീതിയും സ്വയം ഒപ്പിയെടുത്ത് കൃതികളിലൂടെ ആവിഷ്ക്കരിച്ച മഹാനായ എഴുത്തുകാരനായിരുന്നു ബഷീർ. ജീവിതത്തിന്റെ ഓടകളിലും മേടകളിലും സഞ്ചരിച്ച ബഷീർ ഒരു പച്ച മനുഷ്യനായിരുന്നു. മലയാളത്തിലോ,
മറ്റു ഇന്ത്യൻഭാഷകളിലോ ബഷീറിനെ പോലെയുള്ള ഒരു സാഹിത്യകാരനെ കണ്ടെത്താൻ പ്രയാസമാണ്.
കഥകളുടെ സുൽത്താനായ ബഷീറിന്റെ പ്രശസ്തകൃതികളാണ് ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു, വിശ്വവിഖ്യാതമായ മൂക്ക്, ആനവാരിയും പൊൻക്കുരിശും, പാത്തുമ്മയുടെ ആട്, മതിലുകൾ, ശബ്ദങ്ങൾ, സ്ഥലത്തെ പ്രധാന ദിവ്യൻ തുടങ്ങിയവ.
കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും ഫെല്ലോഷിപ്പ് അദ്ദേഹത്തിനു ലഭിച്ചു.ഇന്ത്യാഗവൺമെന്റ് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.
തനി നാടൻ ഭാഷയിൽ തന്റെ സമുദായത്തിന്റെ പച്ചയായ ചിത്രം അദ്ദേഹം വരച്ചുകാട്ടി.
ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദുസന്യാസിമാരുടെ കുടെയും സൂഫിമാരുടെയും കൂടെ ജീവിതം നയിച്ചു.പാചകക്കാരനായും മാജിക്കുകാരന്റെ സഹായിയായും അദ്ദേഹം കഴിഞ്ഞു.ഏകദേശം ഒമ്പതുവർഷത്തോളം നീണ്ട യാത്രയിൽ ധാരാളം ഭാഷകൾ സ്വയത്തമാക്കി.
ദാരിദ്ര്യവും, പട്ടിണിയും അദ്ദേഹം ഈ യാത്രയിൽ നേരിട്ടനുഭവിച്ചു. ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം..!
ഫാബീ ബഷീറുമൊത്തുള്ള 36 വർഷത്തെ ദാമ്പത്യജീവിതത്തിന്റെ ഓർമ്മകൾ ഉൾകൊള്ളുന്ന ” ബഷീറിന്റെ എടിയേ “_ പ്രസിദ്ധമായ ആത്മകഥയാണ്. ബഷീറിന്റെ വ്യക്തിജീവിതത്തിലെ മറ്റാരും അറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളും ഈ കൃതി പങ്കുവെയ്ക്കുന്നു.
ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു എന്നി കൃതികൾ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തർജ്ജമ ചെയ്തിട്ടുണ്ട്. ബാല്യകാല സഖി, ഭാർഗ്ഗവീ നിലയം, മതിലുകൾ എന്നിനോവലുകൾ ചലചിത്രങ്ങളുമായി.
ബഷീറിൻ്റെ പാത്തുമ്മയുടെ ആട് എന്ന കൃതിയിലൂടെ നമുക്കൊന്നു കടന്നു പോകാം.
പാത്തുമ്മയുടെ ആട്..!
സ്വന്തം കുടുംബകഥ തന്നെയാണ് ഈ നോവലിലൂടെ ബഷീർ ആവിഷ്ക്കരിക്കുന്നത്.
മുസ്ലിം സമുദായാത്തിൻ്റെ തനതു ജീവിതം ഈ ചെറു നോവലിലൂടെ ബഷീർ തുറന്നുകാട്ടുന്നു.
1959ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിന് “പെണ്ണുങ്ങളുടെ ബുദ്ധി” പ്-എന്നൊരു പേരും ബഷീര്‍ നിര്‍ദ്ദേശിച്ചിരുന്നു. ചികില്‍ത്സയും വിശ്രമവുമായി വൈക്കത്തിനടുത്ത് തലയോലപറമ്പിലുള്ള കുടുംബ വീട്ടില്‍ കഴിയവേ 1954 ല്‍ ആണ് ബഷീര്‍ ഇത് എഴുതുന്നത്. ബഷീറിന്റെ ഉമ്മയും, സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍.
വീട്ടിലെ ഓരോ കുടുംബാംഗവും, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആടും നോവലിലെ കഥാപാത്രങ്ങളാണ്.
നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ.
നോവലിൻ്റെ പേര് സൂചിപ്പിക്കുന്നതു പോലെ
പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിലെ കഥ മുന്നോട്ടു പോകുന്നത്. ബഷീറിന്റെ രണ്ട് സഹോദരിമാരില്‍ മൂത്തത് പാത്തുമ്മയാണ്. പാത്തുമ്മയ്ക്കും ഭര്‍ത്താവ് കൊച്ചുണ്ണിക്കും ഖദീജ എന്നൊരു മകളുണ്ട്. ബഷീറിന്റെ സഹോദരങ്ങളില്‍ തറവാട്ടില്‍ നിന്ന് മാറിത്താമസിക്കുന്നത് പാത്തുമ്മ മാത്രമാണ്. എങ്കിലും എല്ലാ ദിവസവും രാവിലെത്തന്നെ മകളെയും
കുട്ടി അവര്‍ തറവാട്ടിലെത്തും. അവരുടെ വരവ് ഒരു “സ്‌റ്റൈലിലാണ്” എന്നാണ് ബഷീര്‍ പറയുന്നത്.
കൂടെ പാത്തുമ്മായുടെ ആടുമുണ്ടാകും. പാത്തുമ്മ എപ്പോഴും പറയുന്ന ഒരു വാചകമുണ്ട് ‘എന്റെ ആട് പെറട്ടെ ‘
അപ്പൊ കാണിച്ചുതരാം’.
പാത്തുമ്മക്ക് കാര്യമായ വിദ്യാഭ്യാസമൊന്നുമില്ല. എങ്കിലും കുടുംബത്തിന്റെ വളര്‍ച്ചക്ക് വേണ്ടി കഷ്ടപ്പെടുന്നു.
അങ്ങിനെ പാത്തുമ്മയുടെ
ആട് പെറ്റു. ഡും..!
ആട്ടിന്‍ പാല്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് വീടിന്റെ വാതില്‍ നന്നാക്കുന്നതുള്‍പ്പെടെ പലതും ചെയ്യണമെന്നു പാത്തുമ്മ വിചാരിച്ചിരുന്നു..! പക്ഷേ തന്റെ കുടുംബക്കാര്‍ക്കു വേണ്ടി ആടിന്റെ പാല്‍ കൈക്കൂലിയായി പാത്തുമ്മക്ക് ഉപയോഗിക്കേണ്ടി വന്നു. ഒരിക്കല്‍ ബഷീറിനെ തന്റെ വീട്ടീലേക്ക് ക്ഷണിച്ചു. പത്തിരിയും കരള്‍ വരട്ടിയതും വച്ച് സല്‍ക്കരിക്കുന്നു.
എന്നാല്‍ പാത്തുമ്മയുടെ മറ്റു സഹോദരങ്ങളായ അബ്ദുല്‍ ഖാദറിനും ഹനീഫക്കും ഇത് സഹിക്കാന്‍ കഴിഞ്ഞില്ല. പാത്തുമ്മായുടെ ഭര്‍ത്താവ് അവര്‍ക്കു നല്‍കാനുണ്ടായിരുന്ന പണത്തിന്റെ പേരില്‍ ഭര്‍ത്താവിനേയും പാത്തുമ്മായേയും മകള്‍ ഖദീജയേയും ഒന്നും രണ്ടും മൂന്നും പ്രതികളാക്കി കേസുകൊടുക്കുമെന്നും ആടിനെ ജപ്തിചെയ്യിക്കുമെന്നും സഹോദരങ്ങള്‍ ഭീഷണിപ്പെടുത്തി. അങ്ങനെയാണ് പാത്തുമ്മക്ക് ആട്ടുംപാല്‍ കൈക്കൂലിയായി കൊടുക്കേണ്ടി വന്നത്..! കൈക്കൂലിയായി നേരേ കിട്ടുന്ന പാലിനു പുറമേ, പാത്തുമ്മ അറിയാതെ ആടിന്റെ പാല്‍ അവര്‍ കറന്നെടുക്കുകയും ചെയ്തിരുന്നു. മലയാളികളുടെ മനസിൽ മായാത്ത കഥാപാത്രങ്ങളെ സൃഷ്ടിച്ച മലയാളത്തിൻ്റെ മ്മിണി ബല്യ എഴുത്തുകാരനാണ് ബഷീർ.
ഒരു കാലത്തിൻ്റെ പരിഛേദം
ഈ കൊച്ചു നോവലിൽ നമുക്ക്
ദർശിക്കാം.
മഹാമാരിയുടെ നീരാളി പിടുത്തത്തിൽ നിന്നും അതിജീവനത്തിൻ്റെ പാഥയിലേക്ക് നടന്നടുക്കുന്ന നമുക്ക് മലയാളത്തിന് അനുഭവങ്ങളുടെ കഥ പറഞ്ഞു തന്ന മഹാനായ സാഹിത്യകാരനെ ഒരിക്കൽക്കൂടി ഓർമ്മിക്കാം.

അഷ്റഫ്.എ.എൻ.കെ.
(മലയാള വിഭാഗം പിടിഎം എടപ്പലം)
5/7/2020

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x