KeralaNewsThiruvananthapuram

സ്‌കൂളുകള്‍ അടയ്ക്കില്ല, 50 പേർക്ക് ചടങ്ങിൽ പങ്കെടുക്കാം, കര്‍ഫ്യൂ ഉണ്ടാവില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ അടയ്ക്കേണ്ടതില്ലെന്ന് തീരുമാനം. രാത്രികാല കര്‍ഫ്യൂ ഉണ്ടാകില്ല. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കും ആൾക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും. ഓഫീസുകൾ പരമാവധി ഓണ്‍ലൈൻ ആക്കാനും നിർദേശമുണ്ട്. അടുത്ത അവലോകന യോഗം സ്ഥിതി വീണ്ടും ചർച്ച ചെയ്യും.

കേരളത്തിൽ പ്രതിദിന കൊവിഡ് രോ​ഗികൾ ഇപ്പോൾ 6000നും മുകളിലാണ്. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും നേരിയ വർധനവുണ്ട്. ആർ നോട്ട് കൂടുതലായ ഓമിക്രോൺ കൂടുതൽ പേരിലേക്ക് എത്താനുള്ള സാഹചര്യം നിലവിലുണ്ട്. സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഈ സാഹ​ചര്യത്തിലാണ് സ്കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വേണമോ എന്ന പുനരാലോചന ഉണ്ടായത്.

നിലവിലെ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഓൺലൈനായി നടത്തണം. അത്യാവശ്യ സന്ദർഭങ്ങളിൽ പരിപാടികൾ നേരിട്ട് നടത്തുമ്പോൾ ശാരീരിക അകലമടക്കമുള്ള മുൻകരുതലുകൾ എടുക്കണം. പൊതുയോഗങ്ങൾ ഒഴിവാക്കണം.

15 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷൻ ഈ ആഴ്ച്ച തന്നെ പൂർത്തീകരിക്കുമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി വാക്സിനേഷൻ നൽകുന്ന കാര്യം പരിശോധിക്കും. കുടുംബശ്രീ തെരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടത്താവുന്നതാണ്. ടെലിമെഡിസിൻ സംവിധാനം നല്ലതുപോലെ നടപ്പാക്കാനാവണം. ഒമിക്രോണുമായി ബന്ധപ്പെട്ട് വലിയതോതിൽ ബോധവൽക്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x