KeralaNationalNews

‌ ദുഃഖിച്ചിരുന്ന ധർമേന്ദറിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ

നാട്ടിലേക്കുള്ള യാത്രയ്‌ക്ക്‌ പുറപ്പെടുംമുമ്പ്‌ തമ്പാനൂർ റെയിൽവേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ ദുഃഖിച്ചിരുന്ന ധർമേന്ദറിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. നാട്ടിലെത്തിയാൽ പട്ടിണിയാകുമെന്ന ദുഃഖത്തിലായിരുന്നു അയാൾ. മൂന്ന്‌ മാസത്തോളം ജോലിചെയ്‌ത ശമ്പളം സ്ഥാപന ഉടമയുടെ കൈയിൽ. ട്രെയിൻ പുറപ്പെടാൻ സമയമാകുന്തോറും ആ മുഖത്തിലെ പ്രതീക്ഷകൾ മാഞ്ഞു.
എന്നാൽ അവസാന നിമിഷം ധർമേന്ദറിനെത്തേടി ആ സന്തോഷമെത്തി. ശമ്പളകുടിശ്ശികയായ 70,000 രൂപയുമായി അതാ തന്റെ മുതലാളി വരുന്നു. ശനിയാഴ്‌ച തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിലാണ്‌ വൈകാരിക നിമിഷങ്ങൾ അരങ്ങേറിയത്‌.ട്രിവാൻഡ്രം ഡെക്കറേഷൻസ്‌ എന്ന സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു ധർമേന്ദർ. ജാർഖണ്ഡിലേക്കുള്ള യാത്രക്കാരുടെ പട്ടികയിൽ താനുണ്ടെന്ന്‌ അറിഞ്ഞത്‌ ട്രെയിൻ പുറപ്പെടാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ. പരിശോധനയെല്ലാം വേഗത്തിലായതോടെ ഉള്ളിൽ ആശങ്കയേറി. പണമില്ലാതെ നാട്ടിൽപോയാൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബത്തോട്‌ എന്തുപറയുമെന്ന ചിന്തയാൽ ഉള്ളിൽ ഭയം നിറഞ്ഞു. ശനിയാഴ്‌ച സ്ഥാപന ഉടമയായ ഉണ്ണി കളിയിക്കാവിളയിൽ പന്തൽ നിർമാണത്തിലായിരുന്നു. ട്രെയിൻ പുറപ്പെടുന്നതിന്‌ മുമ്പ്‌ അദ്ദേഹത്തിന്‌ എത്താൻ കഴിയുമെന്ന്‌ ഒരുറപ്പുമില്ലായിരുന്നു.
എന്നാൽ പത്ത്‌ മിനിറ്റ്‌ ശേഷിക്കവേ ഉണ്ണിയെത്തി. മുഴുവൻ തുകയും ധർമേന്ദറിനെ ഏൽപ്പിച്ച്‌ കൈവീശി യാത്രയാക്കിയശേഷമാണ്‌ ഉണ്ണി മടങ്ങിയത്‌.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x