KeralaMalappuramNews

വൃക്ക രോഗികൾക്ക് ആശ്വാസം പകരാൻ മലപ്പുറം ജില്ലാ പഞ്ചായത്ത് വീണ്ടും രംഗത്തിറങ്ങുന്നു

മലപ്പുറം ജില്ലയിലെ ആയിരക്കണക്കായ വൃക്ക രോഗികള്‍ക്ക് ആശ്വാസം പകരുന്നതിനുള്ള നടപടിയുമായി ജില്ലാ പഞ്ചായത്ത് വീണ്ടും രംഗത്തിറങ്ങുന്നു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളെ കൂടി ചേര്‍ത്തുകൊണ്ടുള്ള സംയുക്ത പദ്ധതിക്കാണ് ജില്ലാ പഞ്ചായത്ത് തുടക്കം കുറിക്കുന്നത് .ജില്ലാ പഞ്ചായത്ത് ഈ പദ്ധതിക്ക്‌ ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട് .ഡയാലിസിസ് നടത്തുന്ന രോഗികള്‍ക്ക് നല്‍കാവുന്ന സാമ്പത്തിക സഹായത്തിന്റെ 25% ജില്ലാ പഞ്ചായത്തും, 25% ബ്ലോക്ക് പഞ്ചായത്തുകളും, 50% ഗ്രാമപഞ്ചായത്തുകളും വഹിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുന്നത്.

ഓരോ ഗ്രാമ പഞ്ചായത്തിന്റെയും പരിധിയില്‍ വരുന്ന രോഗികളുടെ എണ്ണത്തിനനുസരിച്ച് ചെറിയ വിഹിതം മാത്രമേ അവര്‍ക്ക് വഹിക്കേണ്ടി വരികയുള്ളൂ. മൊത്തം ജില്ലയിലെ മൂവായിരത്തോളം വരുന്ന രോഗികള്‍ക്കുള്ള സഹായത്തിന് 25% ജില്ലാപഞ്ചായത്ത് വഹിക്കുമ്പോള്‍ വലിയ തുക ആവശ്യമായി വരുമെങ്കിലും അത് നല്‍കുവാനാണ് ജില്ലാപഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളത്. നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു ഡയാലിസിസിന് ആയിരം രൂപ നിരക്കില്‍ ഒരു മാസം പരമാവധി 4000 രൂപ സാമ്പത്തിക സഹായം നല്‍കാവുന്നതാണ്.

ജില്ലാ പഞ്ചായത്തിന് ഈ പദ്ധതിയിലേക്ക് വിഹിതം നല്‍കുവാനാണ് അനുമതിയുള്ളത്. ഇത് പ്രകാരം ഓരോ ഗ്രാമ പഞ്ചായത്തിലെയും രോഗികളുടെ എണ്ണത്തിനനുസരിച്ച് ജില്ലാ പഞ്ചായത്തിന്റെ വിഹിതം അതാത് ഗ്രാമപഞ്ചായത്തുകള്‍ക്ക് കൈമാറും. ഗ്രാമ പഞ്ചായത്തുകളാണ് വൃക്ക രോഗി ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്ന ആശുപത്രികള്‍ക്ക് സഹായധനം നല്‍കേണ്ടത്. ഇത് സംബന്ധിച്ച തുടര്‍ പരിപാടികള്‍ ആലോചിക്കുന്നതിനു വേണ്ടി ഗ്രാമ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ , ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഗ്രാമ ,ബ്ലോക്ക് സെക്രട്ടറിമാർ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു.

സഹായധനത്തിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം നല്‍കാനുള്ള അപേക്ഷാ ഫോറം ജില്ലാ പഞ്ചായത്ത് തയ്യാറാക്കി ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കും. കോവിഡിന്റെ രണ്ടാം വരവ് ഗുരുതരമായ സാമ്പത്തിക-സാമൂഹ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളില്‍ നിന്ന് സംഭാവന പിരിച്ച് വൃക്കരോഗികളെ സഹായിക്കുന്ന പദ്ധതി വളരെ പെട്ടെന്ന് പുനരാരംഭിക്കുവാന്‍ സാധ്യമാവാത്ത സാഹചര്യത്തിലാണ് ഗ്രാമ-ബ്ലോക്ക് – ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള സംയുക്ത പദ്ധതിക്ക് തുടക്കം കുറിക്കുന്നത് .

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x