KeralaNewsThiruvananthapuram

ലോക്ക്ഡൗൺ അവസാനമാർഗം, അടച്ചുപൂട്ടേണ്ടത് എപ്പോൾ ?

ലോക്ക്ഡൗൺ അവസാനത്തെ മാർഗമായി മാത്രമേ നടപ്പാക്കൂ എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.

ലോക്ക്ഡൗൺ അവസാനത്തെ മാർഗമായി മാത്രമേ നടപ്പാക്കൂ എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ കൊവിഡ് ക്ലസ്റ്റർ മാനേജ്മെൻറ് മാർഗനിർദേശം പുറത്തിറക്കി. അതനുസരിച്ച്, ഒരു സ്ഥാപനത്തിൽ പത്ത് പേർ പോസിറ്റീവായാൽ അത് ലാർജ് ക്ലസ്റ്ററാകും. അത്തരത്തിൽ അഞ്ച് ക്ലസ്റ്ററുകളുണ്ടായാൽ ജില്ലാ കളക്ടർമാരെയും ജില്ലാ ഭരണകൂടത്തെയും അടക്കം അറിയിച്ച് ആ സ്ഥാപനം 5 ദിവസത്തേക്ക് അടയ്ക്കണം. കോളേജുകൾ ഉൾപ്പടെ ഉള്ളവയ്ക്ക് ഇത് ബാധകമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ഓരോ സ്ഥാപനവും ഒരു ടീം രൂപീകരിക്കണം. കൃത്യമായി സ്ഥാപനത്തിൽ രോഗം പടരുന്നുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ ഈ ടീം നിരീക്ഷിക്കണം. കൊവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു കാരണവശാലും ആളുകൾ പുറത്തിറങ്ങരുത്. പരിശോധന നിർബന്ധമാണ്. പനിയുള്ളവർ പുറത്തേക്ക് ഇറങ്ങുകയോ മറ്റ് ആളുകളുമായി ഇടപഴകുകയോ ചെയ്യരുത്.

അതേസമയം, സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ളവരിൽ 100 ശതമാനം പേർക്കും ആദ്യഡോസ് നൽകിയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വാക്സിനേഷന് കേന്ദ്രസർക്കാർ കേരളത്തിന് നൽകിയ ലക്ഷ്യമിട്ട സംഖ്യ പൂർത്തിയാക്കി. ഇതിനാലാണ് 100 ശതമാനം ആദ്യഡോസ് സ്വീകരിച്ചെന്ന് വ്യക്തമാക്കുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

അതേസമയം, ശാസ്ത്രീയമായ മാനദണ്ഡങ്ങളിലൂടെയാണ് ഓരോ ജില്ലകളെയും വിവിധ കാറ്റഗറികളായി തിരിച്ചതെന്ന് വീണാ ജോർജ് വ്യക്തമാക്കുന്നു. ഓരോ ജില്ലകളിലെയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന് അനുസരിച്ചാണ് നിയന്ത്രണങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. രോഗബാധിതർ ഓരോ ജില്ലകളിലും എത്ര എന്നതും, അതിനനുസരിച്ച് എത്ര പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു എന്നതും തമ്മിലുള്ള അനുപാതത്തിന് അനുസരിച്ചാണ് കാറ്റഗറി 1, 2, 3 എന്നിങ്ങനെ ജില്ലകളെ തിരിച്ചത്. ഗുരുതരസാഹചര്യമായ മൂന്നാം കാറ്റഗറിയിൽ നിലവിൽ കേരളത്തിൽ ഒരു ജില്ലകളും ഇല്ല.

സംസ്ഥാനത്ത് 18 വയസിന് മുകളിൽ ലക്ഷ്യം വച്ച ജനസംഖ്യയുടെ 100 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിനും 83 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. ഇതുകൂടാതെ കരുതൽ ഡോസിന് അർഹതയുള്ളവരിൽ 33 ശതമാനം (2,91,271) പേർക്ക് വാക്‌സിൻ നൽകി. 15നും 17നും ഇടയ്ക്ക് പ്രായമുള്ള 61 ശതമാനം പേർക്ക് (9,25,722) വാക്‌സിൻ നൽകിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി 5 കോടിയിലധികം ഡോസ് വാക്‌സിനേഷൻ നൽകി. കുറേ പേർക്ക് കോവിഡ് വന്ന് പോയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഭൂരിപക്ഷം പേർക്കും ഹൈബ്രിഡ് പ്രതിരോധശേഷി നേടിയിട്ടുണ്ട്. സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ജോലി ചെയ്യുന്ന ജീവനക്കാരും അധ്യാപകരും പൂർണമായും വാക്‌സിനേഷൻ എടുത്തവരാണ്. അതിനാൽ കോവിഡ് അണുബാധ ഉണ്ടായാൽ പോലും അത് ഗുരുതരമാകാനുള്ള സാധ്യത വളരെ കുറവാണ്. മറ്റനുബന്ധ രോഗമുള്ളവർക്ക് കോവിഡ് ബാധിച്ചാൽ ഗുരുതരമാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ സ്‌കൂളുകളിലും ഓഫീസുകളിലും സുരക്ഷ ഉറപ്പാക്കാനാണ് ക്ലസ്റ്റർ മാനേജ്‌മെന്റ് ആവിഷ്‌ക്കരിച്ചത്.

എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഒരു ഇൻഫെക്ഷൻ കൺട്രോൾ ടീം (ഐസിടി) രൂപീകരിക്കണം. തിരഞ്ഞെടുത്ത ടീം അംഗങ്ങൾക്ക് സ്ഥാപനങ്ങളിലും ഓഫീസുകളിലും പിന്തുടരേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ച് പരിശീലനം നൽകണം. ഒരു ചെക്ക്‌ലിസ്റ്റ് ഉപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തുക എന്നതാണ് അണുബാധ നിയന്ത്രണ ടീമിന്റെ പ്രധാന ഉത്തരവാദിത്തം. ക്ലസ്റ്റർ രൂപീകരണത്തിന്റെ കാര്യത്തിൽ, ഉയർന്ന അപകടസാധ്യതയുള്ള എല്ലാ സമ്പർക്കങ്ങളും ഈ ടീം തിരിച്ചറിയുകയും ക്വാറന്റൈൻ ചെയ്യിക്കുകയും വേണം. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ പ്രാദേശിക ആരോഗ്യ പ്രവർത്തകരുടെ സഹായം തേടാവുന്നതാണ്.

ക്ലസ്റ്റർ മാനേജ്‌മെൻറ്

ഔട്ട്‌ബ്രേക്ക് മാനേജ്‌മെൻറ് സ്ഥലത്തും സമയത്തും ഗ്രൂപ്പ് ചെയ്ത കേസുകളുടെ സംയോജനമായാണ് ഒരു ക്ലസ്റ്റർ നിർവചിച്ചിരിക്കുന്നത്. രണ്ട് വ്യക്തികൾക്ക് ഏഴ് ദിവസത്തിനുള്ളിൽ ഒരേ ക്ലാസിലോ ഓഫീസ് മുറിയിലോ സ്ഥാപനത്തിലോ ഓഫീസിലോ ഒരേ പ്രദേശത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കിടയിലോ രോഗം വരുമ്പോഴാണ് ഒരു ക്ലസ്റ്റർ രൂപപ്പെടുന്നത്. ഒരു ക്ലസ്റ്ററിൻറെ കാര്യത്തിൽ, രോഗം വരാൻ ഏറെ സാധ്യതയുള്ള സമ്പർക്കത്തിലുള്ളവരെ ഐസിടി കണ്ടെത്തി അവരെ ക്വാറൻറൈൻ ചെയ്യണം. എൻ 95 മാസ്‌കിൻറെ ഉപയോഗം, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ പാലിക്കണം. ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ എൻ 95 മാസ്‌ക് നീക്കം ചെയ്യുമ്പോഴാണ് സാധാരണയായി ഓഫീസിൽ വ്യാപനമുണ്ടാകുന്നത്. ഓഫീസുകളിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നില്ലെന്ന് ഐസിടി ഉറപ്പാക്കണം.

പത്തിലധികം ആളുകളിലധികം കൊവിഡ് ബാധിച്ചാൽ ആ പ്രദേശം ലാർജ് ക്ലസ്റ്ററാകും. പത്തിലധികം പേർക്ക് രോഗബാധയേറ്റിട്ടുള്ള 5 ക്ലസ്റ്ററുകളിലധികം ഉണ്ടെങ്കിൽ മാത്രം പ്രാദേശിക ആരോഗ്യ അധികൃതരുടെ ഉപദേശത്തിൻറെ അടിസ്ഥാനത്തിൽ സ്ഥാപനം അല്ലെങ്കിൽ ഓഫീസ് 5 ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിക്കാവുന്നതാണ്. സാധ്യമാകുന്നിടത്തെല്ലാം സ്ഥാപനങ്ങളും ഓഫീസുകളും തുറന്ന് പ്രവർത്തിക്കണം. അടച്ചുപൂട്ടൽ അവസാന ഓപ്ഷനായി മാത്രമേ പരിഗണിക്കാവൂ.

ഓഫീസ് സമയങ്ങളിൽ എല്ലാ ഉദ്യോഗസ്ഥരും ശരിയായ വിധം എൻ 95 മാസ്‌ക് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണം. കൊവിഡ് രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ പരിശോധന നടത്തണം. ഓഫീസ് സ്ഥലത്ത് മതിയായ വായു സഞ്ചാരം ഉറപ്പാക്കണം. 5 വയസിന് മുകളിലുള്ള എല്ലാ കുട്ടികളും എൻ 95 മാസ്‌കുകളോ കുറഞ്ഞത് ട്രിപ്പിൾ ലെയർ മാസ്‌കുകളോ ധരിക്കാൻ പ്രോത്സാഹിപ്പിക്കണം.

‘ടിപിആർ ഇനി മാനദണ്ഡമല്ല’

ടിപിആർ എന്നത് നിലവിൽ ഒരു മാനദണ്ഡം അല്ലെന്ന് നേരത്തേ തന്നെ നിശ്ചയിച്ചിട്ടുണ്ട്. നിലവിൽ രോഗലക്ഷണങ്ങളുള്ളവർ മാത്രമാണ് ടെസ്റ്റ് ചെയ്യുന്നത്. അതിൽ മിക്കവരും കൊവിഡ് പോസിറ്റീവായിരിക്കും. പത്ത് പേർ ടെസ്റ്റ് ചെയ്തതിൽ 8 പേർ പോസിറ്റീവായാൽ ടിപിആർ 80 ശതമാനമായി. അതനുസരിച്ച് ഒരു പ്രദേശത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാനാകില്ല. ജനജീവിതം സ്തംഭിപ്പിച്ച് ഒരു നിയന്ത്രണങ്ങളും ഇപ്പോൾ നടപ്പാക്കാനാകില്ല. അതിനാലാണ് രോഗബാധിതരുടെ എണ്ണവും എത്ര പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു എന്നതിലെ അനുപാതം അനുസരിച്ച് നിയന്ത്രണങ്ങൾ നിശ്ചയിച്ചത്. ഇത് ശാസ്ത്രീയരീതിയാണ് – വീണാ ജോർജ് പറഞ്ഞു.

അതേസമയം, ഇന്ന് രാവിലെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ വെൻറിലേറ്റർ ഉപയോഗത്തിൽ കുറവ് വന്നിട്ടുണ്ടെന്ന് വീണാ ജോർജ് വ്യക്തമാക്കുന്നു. ആദ്യ രണ്ട് തരംഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആശുപത്രിയിലാവുന്നവരുടെ എണ്ണം തുലോം കുറവാണ്. ഓരോ തരംഗങ്ങളിലും അത് നേരിടാൻ സാഹചര്യമനുസരിച്ചുള്ള തീരുമാനങ്ങളാണ് സ്വീകരിക്കുന്നത്. ആദ്യതരംഗങ്ങളിൽ നിന്ന് ഭിന്നമായ പ്രതിരോധമാർഗങ്ങളാണ് ഇത്തവണ സ്വീകരിക്കുന്നത്. ടിപിആർ അടിസ്ഥാനമാക്കിയ നിയന്ത്രണങ്ങൾ രണ്ടാം തരംഗത്തിൻറെ പകുതിയിൽ വച്ച് തന്നെ ഒഴിവാക്കിയതാണ്. മൂന്നാം തരംഗത്തിൽ എത്ര പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു എന്നതും എത്ര പേർ വാക്സീൻ സ്വീകരിച്ചുവെന്നതുമാണ് രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ.

‘പാർട്ടി സമ്മേളനങ്ങൾ പരിശോധിക്കണ്ടത് കളക്ടർമാർ’

രൂക്ഷമായ കൊവിഡ് വ്യാപനത്തിന് ഇടയിലും വിപുലമായ രീതിയിൽ സിപിഎം സമ്മേളനങ്ങൾ നടത്തുന്നതിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ആരോഗ്യമന്ത്രി നൽകിയില്ല. ജില്ലാ സമ്മേളനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തന്നെയേ നടത്താവൂ. എന്ത് പരിപാടികളും കൃത്യമായി ചട്ടങ്ങൾ പാലിക്കണം. അത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് ജില്ലാ കളക്ടർമാരാണ്. പ്രത്യേക അനുമതിയെടുത്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരിപാടികൾ നടത്താം. ഇക്കാര്യങ്ങളിലും അന്തിമ അനുമതി നൽകേണ്ടത് കളക്ടർമാരാണെന്നും മന്ത്രി വ്യക്തമാക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x